Saturday, September 29, 2012

പ്രോഗ്രാമിംഗ് എന്നാല്‍ എന്ത്?


പ്രോഗ്രാം 

കമ്പ്യൂട്ടറിന്‌ പ്രവർത്തിക്കാനാവശ്യമായ നിർദ്ദേശങ്ങളുടെ കൂട്ടമാണ്‌ പ്രോഗ്രാം.പ്രോഗ്രാമുകളുടെ കൂട്ടമാണ്‌ സോഫ്റ്റ്‌വെയർ. നമ്മുടെ കമ്പ്യൂട്ടറുകൾ പ്രവർത്തിക്കുന്നത്, പ്രോഗ്രാമർമാർ നേരത്തേ നൽകിയ നിർദ്ദേശങ്ങൾ അനുസരിച്ചാണ്‌.

പ്രോഗ്രാമിംഗ്  

കമ്പ്യൂട്ടർ അടിസ്ഥാനപരമായി ഒരു കാൽകുലേറ്റർ ആണ്‌. അതിന്‌ ചില ലളിതമായ ഗണിതക്രിയകൾ മാത്രമേ ചെയ്യുവാൻ സാധിക്കൂ. അതായത് രണ്ടു സംഖ്യകൾ തമ്മിൽ കൂട്ടുക(+), കുറക്കുക(-), ഗുണിക്കുക(*),ഹരിക്കുക(/) രണ്ട് സംഖ്യകളുടെ വിലകൾ താരതമ്യം ചെയ്യുക(ഒരു സംഖ്യ മറ്റൊന്നിനെക്കാൾ ചെറുതാണോ വലുതാണോ എന്ന് പരിശോധിക്കുക) എന്നിവ. അതിനാൽ പ്രോഗ്രാമർ കമ്പ്യൂട്ടറിന്‌ നൽകുന്ന നിർദേശങ്ങളിൽ ഈ ഗണിത ക്രിയകളേ ഉണ്ടാവാൻ പാടുള്ളൂ. മാത്രമല്ല കമ്പ്യൂട്ടറിന്‌ ഒരേസമയം ഒരു ഗണിതക്രിയയേ ചെയ്യാൻ കഴിയൂ. അതിനാൽ ‘വലിയ’ കാര്യങ്ങൾ ഒറ്റയടിക്ക് ചെയ്യാൻ കമ്പ്യൂട്ടറിനോട് ആവശ്യപ്പെടാൻ പ്രോഗ്രാമർക്ക് കഴിയില്ല.ലളിതമായ സ്റ്റെപ്പുകളായിവേണം നിർദേശങ്ങൾ നല്കാൻ. ഇപ്രകാരം നിർദേശങ്ങൾ നൽകലാണ്‌ പ്രോഗ്രാമിങ്ങ്.

ഉദാഹരണത്തിന്‌, നമുക്ക് ഒരു സോഫ്‌റ്റ്‌വെയർ വേണമെന്നിരിക്കട്ടെ. നമ്മൾ കീബോർഡിൽ രണ്ട് സംഖ്യകൾ റ്റൈപ് ചെയ്തു നൽകും. സോഫ്‌റ്റ്വെയർ അവയുടെ ശരാശരി കണക്കാക്കി മോണിറ്റരിൽ കാണിക്കണം.

നമ്മൾ ഒരു പ്രോഗ്രാമ്മറെ സമീപിച്ചു. പ്രോഗ്രാമ്മർ കമ്പ്യൂട്ടറിന്‌ നൽകാൻ പോകുന്ന നിർദേശങ്ങൾ ഏതാണ്ട് ഇതുപോലെയാണ്‌:
1.കീബോർഡിൽ റ്റൈപ്പ് ചെയ്യുന്ന രണ്ട് സംഖ്യകൾ സ്വീകരിക്കുക.
2.അവയുടെ തുക കണക്കാക്കുക.
3.തുകയെ രണ്ട് കൊണ്ട് ഹരിക്കുക.
4.ഉത്തരം സ്ക്രീനിൽ പ്രദർശിപ്പിക്കുക.

കമ്പ്യൂട്ടറിന്‌ വാസ്തവത്തിൽ രണ്ട് സംഖ്യകളുടെ ശരാശരി കാണാൻ അറിയില്ല; കൂട്ടാനും ഹരിക്കാനും അറിയാം.അതുകൊണ്ടാണ്‌ പ്രോഗ്രാമർ ആദ്യം രണ്ട് സംഖ്യകളുടെ തുക കാണാനും പിന്നീട് തുകയെ രണ്ടുകൊണ്ട് ഹരിക്കാനും നിർദ്ദേശിച്ചത്‌. അതായത് കൂട്ടാനും ഹരിക്കാനും അറിയാവുന്ന കമ്പ്യൂട്ടറിനെ ശരാശരി കാണാൻ ‘പഠിപ്പിക്കുക’യാണ്‌ പ്രോഗ്രാമർ ചെയ്തത്. കൂട്ടാനും കുറക്കാനും ഗുണിക്കാനും ഹരിക്കാനും മാത്രമറിയാവുന്ന നാലാം ക്ലാസ്സ് വിദ്യാർത്ഥിയാണ്‌ കമ്പ്യൂട്ടർ. ടീച്ചറാണ്‌ പ്രോഗ്രാമർ. ‘വലിയ’ കാര്യങ്ങൾ ചെയ്യാൻ കമ്പ്യൂട്ടറിനെ പഠിപ്പിക്കുന്ന പ്രക്രിയയാണ്‌ പ്രോഗ്രാമിങ്ങ്.

അല്‍ഗോരിതം

നേരത്തേ പരയുകയുണ്ടായി, കമ്പ്യൂട്ടരിന്‌ വലിയകാര്യങ്ങൾ ഒറ്റയടിക്ക് ചെയ്യാൻ കഴിയില്ല,പല സ്റ്റെപ്പുകളായി വേണം നിർദേശങ്ങൾ നൽകാൻ എന്ന്‌. രണ്ട് സംഖ്യകളുടെ ശരാശരി കാണാൻ പ്രോഗ്രാമർ നൽകിയ നിർദേശങ്ങൾ ശ്രദ്ധിക്കുക.“രണ്ടു സംഖ്യകളെ പരസ്പരം കൂട്ടി രണ്ടുകൊണ്ട് ഹരിക്കുക” എന്ന ഒറ്റ നിർദേശമല്ല, “1.രണ്ട് സംഖ്യകൾ തമ്മിൽ കൂട്ടുക”,“2.തുകയെ രണ്ട് കൊണ്ട് ഹരിക്കുക” എന്നിങ്ങനെ രണ്ട് സ്റ്റെപ് ആയാണ്‌ പ്രോഗ്രാമർ നിർദേശം നൽകിയിരിക്കുന്നത്. ഈ സ്റ്റെപ്പ് സമ്പ്രദായം മനസിലാക്കാനാണ്‌ അൽഗരിതം എഴുതുന്നത്. അൽഗരിതം എഴുതുമ്പോൾ “1.കീബോർഡിൽ റ്റൈപ്പ് ചെയ്യുന്ന രണ്ട് സംഖ്യകൾ സ്വീകരിക്കുക.” എന്നതിനുപകരം “READ A,B” എന്ന് എഴുതും.
“2.അവയുടെ തുക കണക്കാക്കുക.” എന്നതിനു പകരം“C=A+B” എന്നും
“3.തുകയെ രണ്ട് കൊണ്ട് ഹരിക്കുക.” എന്നതിനു പകരം “D=C/2” എന്നും
“4.ഉത്തരം സ്ക്രീനിൽ പ്രദർശിപ്പിക്കുക.” എന്നതിനുപകരം “PRINT D” എന്നും എഴുതാം. ഇതിനു പുറമേ അൽഗരിതം തുടങ്ങുമ്പോൾ “START” എന്നും അവസാനിക്കുമ്പോൾ “STOP” എന്നും എഴുതണം. Aയും Bയും Cയും Dയും എല്ലാം ചരങ്ങളാണ്‌. പേരുകൾ. A,B എന്നിവ ടൈപ് ചെയ്ത സംഖ്യകൾ. C തുകക്ക് നൽകിയ പേര്‌. D ശരാശരിയുടെ നാമം.


അപ്പോൾ നേരത്തേ നൽകിയ നിർദേശങ്ങളുടെ അൽഗരിതം ഇതാണ്‌:


1.START
2.READ A,B
3.C=A+B
4.D=C/2
5.PRINT D
6.STOP

 കടപ്പാട് : https://sites.google.com/site/cpptutorialmalayalam/basics/algorithm

0 അഭിപ്രായങ്ങളും സംശയങ്ങളും:

Post a Comment